Latest News

വയനാട് ദുരന്തം; കേന്ദ്ര സഹായം ലഭിക്കാത്തതില്‍ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടി പി രാമകൃഷ്ണന്‍

 വയനാട് ദുരന്തം; കേന്ദ്ര സഹായം ലഭിക്കാത്തതില്‍ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതില്‍ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും 25000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കേന്ദ്രങ്ങളില്‍ 10000 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനിച്ചു. വയനാടിനെ വീണ്ടെടുക്കേണ്ടതുണ്ട്. പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി വയനാട് എത്തി ദുരന്തം മനസ്സിലാക്കിയതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു പി ആര്‍ ഇവന്റ് ആക്കി മാറ്റി. കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കണം. കേന്ദ്ര നിലപാടിനെതിരെ വലിയ സമരം ഉയര്‍ത്തിക്കൊണ്ടുവരും. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് സ്റ്റേറ്റിനുമേലുള്ള ഉപരോധം. കേന്ദ്രനയം സംസ്ഥാനത്തെ തുടര്‍ച്ചയായി ദ്രോഹിക്കുന്നതാണ്. പ്രക്ഷോഭ പരിപാടികളില്‍ ജനങ്ങളെ വിപുലമായി പങ്കെടുപ്പിക്കും. വയനാട് ജനങ്ങളുടെ പൊതുവികാരമാണ് ഹര്‍ത്താലിലൂടെ പ്രകടിപ്പിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ബിജെപി നേതാവ് വി മുരളീധരന്റെ പരാമര്‍ശത്തിനെയും ടി പി രാമകൃഷ്ണന്‍ വിമര്‍ശിച്ചു. ഒരു പ്രദേശത്തിന്റെ വലുപ്പം നോക്കിയാണോ സഹായിക്കേണ്ടത്. ആ ദുരന്തം മനുഷ്യരെ എങ്ങനെ ബാധിച്ചു എന്നല്ലേ നോക്കേണ്ടത്. കേന്ദ്രം സഹായിക്കണമെന്ന് പറയുന്നതിന് പകരം ഒരു നാടിനെയും ജനങ്ങളെയും അപമാനിക്കുകയാണ് മുരളീധരന്‍ ചെയ്തതെന്നും കണ്‍വീനര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes