Latest News

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

 ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്.

കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട്രാഫോര്‍ഡ് തനിനിറം കാട്ടുമെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് മാസമായി ഇംഗ്ലണ്ടിൽ വരണ്ട കാലാവസ്ഥയാണ്. എന്നാല്‍ രാജ്യത്ത് ആദ്യം മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് മാഞ്ചസ്റ്റര്‍. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ മഴ പെയ്തിരുന്നു. മത്സരത്തിനിടെ മഴ പെയ്താല്‍ പിച്ചിന്‍റെ സ്വഭാവം മാറി മറിയാനിടയുണ്ടെന്നും ഹാര്‍മിസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ചരിത്രമെടുത്താല്‍ 10-15 വര്‍ഷത്തോളമായി പൊതുവെ വേഗവും ബൗണ്‍സും റിവേഴ്സ് സ്വിംഗുമുള്ള പിച്ചുകളാണ് മാഞ്ചസ്റ്ററിലേത്. എന്നാല്‍ കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി മാഞ്ചസ്റ്ററിലെ പിച്ചിന്‍റെ വേഗം കുറയുകയും ഫ്ലാറ്റാവുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിക്ക് അനുയോജ്യമായ പിച്ചായി മാഞ്ചസ്റ്ററും മാറി. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടന്ന എഡ്ജ്ബാസ്റ്റണിലെ പിച്ചിന് ഏകദേശം സമാനമായ വരണ്ട പിച്ചാണ് മാഞ്ചസ്റ്ററിലും പ്രതീക്ഷിക്കാവുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല തീരുമാനമായിരിക്കുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

ലിയാം ഡോസണ്‍ മാത്രമെ ടീമിലുള്ളൂവെന്നതിനാല്‍ ഇംഗ്ലണ്ടിന് ഒരു സ്പിന്നറെ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവു. ലോര്‍ഡ്സിലെ പിച്ച് കളി പുരോഗമിക്കുന്തോറും വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായെങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ അത്തരത്തില്‍ വലിയ സഹായം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല തീരുമാനമാകുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes