കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത്, ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി തിരൂർ സതീഷ്
തൃശൂർ: തനിക്കെതിരെയുളള ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി തിരൂർ സതീഷ്. ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത് എന്നും അവർ പറയുന്നതെല്ലാം കള്ളമാണെന്നും സതീഷ് ആവർത്തിച്ചു. താൻ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളിൽ ശോഭാ സുരേന്ദ്രൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സതീഷ് പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി താൻ നല്ല അടുപ്പത്തിലാണെന്നും, ശോഭയെ തൃശൂർ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത് പോലും താനാണെന്നും സതീഷ് പറഞ്ഞു.
പാർട്ടിയുടെ ജില്ലാ ഓഫിസിൽ തിരഞ്ഞെടുപ്പ് സമയത്ത് പണം വന്നിരുന്നു എന്നും സതീഷ് ആവർത്തിക്കുകയാണ്. അതിൽ ക്ലാരിറ്റി വരുത്തേണ്ട ആളുകളാണ് തന്നെ വ്യക്തിഹത്യ ചെയ്യുന്നതെന്നും പണം കവർന്നവരിൽ ചിലർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയെന്നും തിരൂർ സതീഷ് പറഞ്ഞു. ‘ഞാൻ ഒരിക്കലും രാജികത്ത് കൊടുത്തിട്ടില്ല, പാർട്ടി എന്നെ പുറത്താക്കിയിട്ടുമില്ല. എനിക്കെതിരെ അവർ പറഞ്ഞുനടക്കുന്ന കാര്യമാണിത്. പാർട്ടിയിൽ നിന്ന് ഞാൻ ഇറങ്ങിയ ശേഷമാണ് ശോഭ തന്റെ വീട്ടിൽ വരുന്നത്.’ ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് തന്നെ തള്ളിപ്പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സതീഷ് കൂട്ടിച്ചേർത്തു.
തനിക്ക് ഭീഷണികൾ ഉണ്ടെന്നും വീടിന് മുന്നിൽ പൊലീസ് സുരക്ഷയുണ്ടെന്നും സതീഷ് പറഞ്ഞു. ഇതെല്ലാം പറഞ്ഞതുകൊണ്ട് പാർട്ടി തനിക്ക് തരുന്ന ശിക്ഷ എന്താണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ്. കേസ് നൽകിയും, കായികപരമായി നേരിട്ടും തന്നെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും തന്നെ ഇല്ലാതെയാകാൻ ആഗ്രഹിക്കുന്നവരുടെ പേരുവിവരങ്ങൾ കുടുംബത്തെ മുൻപേ അറിയിച്ചിട്ടുണ്ടെന്നും സതീഷ് കൂട്ടിച്ചേർത്തു.