റിഷഭ് പന്ത് ഇനി ബാറ്റിംഗിനെത്തുമോ?

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു ഇന്ത്യ. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെ പന്ത് പരിക്കേറ്റ് മടങ്ങുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്.
ബോള്‍ കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ഗ്രൗണ്ടിലുപയോഗിക്കുന്ന ചെറിയ വാഹനത്തില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം എപ്പോള്‍ തിരിച്ചെത്തുമെന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല. പന്തിന് പകരം രവീന്ദ്ര ജഡേജ ക്രീസിലെത്തി. മാത്രമല്ല, സായ് സുദര്‍ശന്‍ പുറത്തായപ്പോള്‍ ഷാര്‍ദുല്‍ താക്കൂറാണ് ക്രീസിലെത്തിയതും. ഇരുവരും 19 റണ്‍സ് വീതം നേടിയിട്ടുണ്ട്.
ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് സായ് സുദര്‍ശന്‍. ഇന്ത്യന്‍ യുവതാരത്തിന്റെ വാക്കുകള്‍… ”അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടു, പക്ഷേ അവര്‍ സ്‌കാനിംഗിന് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയാന്‍ കഴിയും. അദ്ദേഹം ഇന്നും നന്നായി ബാറ്റ് ചെയ്തു. പന്തിന്റെ അഭാവം വലിയ നഷ്ടമായിരിക്കും. തിരിച്ചുവന്നില്ലെങ്കില്‍ തീര്‍ച്ചയായും അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ക്രീസിലുള്ള ബാറ്റര്‍മാരും നന്നായി കളിക്കുന്നുണ്ട്. പന്തിന്റെ അഭാവം മറയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും.” വാര്‍ത്താസമ്മേളനത്തില്‍ സായ് പറഞ്ഞു.
ഇതിനിടെ ഒരു ചരിത്ര നേട്ടം പന്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. അദ്ദേഹം ഇപ്പോവും ക്രീസിലുണ്ട്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. ഇന്ന് കെ എല്‍ രാഹുലും ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.