എഴുത്തുകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരളശ്രീ എന്നീ ബഹുമതികള്‍ നല്കി സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന ഗ്രാമത്തില്‍ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം.
വൈക്കം ഇംഗ്ലിഷ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തില്‍ താമസിച്ചു രണ്ടു വർഷം സംസ്കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഇസ്ലാമിക് ചരിത്രവും സംസ്കാരവും എന്ന വിഷയത്തില്‍ ബിരുദമെടുത്തു. തുടർന്ന് 1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. പിന്നീടങ്ങോട്ട് ഡല്‍ഹി ഓംചേരിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ആകാശവാണി മലയാളം വാർത്താവിഭാഗത്തില് ഉദ്യോഗസ്ഥനായി ദില്ലിയിലെത്തിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകള്‍ വഹിച്ചു. 1962ല്‍ കേന്ദ്ര ഇൻഫർമേഷൻ സർവീസില്‍ ഉദ്യോഗസ്ഥനായി.
അമേരിക്കയിലെ പെൻസില്‍വാനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാട്ടൻ സ്കൂള്‍ എന്നിവിടങ്ങളില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ ഉന്നത പഠനം നടത്തി മടങ്ങിയെത്തിയശേഷം ഇന്ത്യൻ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷനില്‍ പ്രൊഫസറായി. ചീഫ് സെൻസേഴ്സ് ഓഫീസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ഓംചേരി 1989 ഫെബ്രുവരി 1ന് കേന്ദ്ര സർവീസില്‍ നിന്നു വിരമിച്ചു. പിന്നീട് ഭാരതീയ വിദ്യാഭവനിലെത്തിയ ഓംചേരി 2019 ഡിസംബർ വരെ അവിടെ ജോലി ചെയ്തു.
ആകസ്മികം എന്ന ഓർമ്മക്കുറിപ്പിനാണ് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ഒൻപത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ മലയാളിക്കൂട്ടായ്മകളുടെയെല്ലാം കാരണവരായി എന്നും ഓംചേരി ഉണ്ടായിരുന്നു. അന്തരിച്ച പദ്മശ്രീ ലീല ഓംചേരിയാണ് ഭാര്യ. ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏകെജിയുടെ പ്രേരണയിലാണ് ആദ്യനാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ സി ജോർജ് , പി ടി പുന്നൂസ്, ഇമ്ബിച്ചി ബാവ, വി പി നായർ തുടങ്ങിയവരാണ്. 1963ല്‍ പരീക്ഷണ നാടകവേദി രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തില്‍ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്.