ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു

ടെഹ്‌റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു. പര്‍ണിയ അബ്ബാസിയുടെ പിതാവ് പര്‍വിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ പര്‍ഹം അബ്ബാസി എന്നിവരാണ് പര്‍ണിയയ്‌ക്കൊപ്പം കൊല്ലപ്പെട്ടത്. ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ മധുരമവസാനിക്കും മുൻപാണ് പർണിയ വിടവാങ്ങിയത്.
ജന്‍ സി കവികളില്‍ ഇറാന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പര്‍ണിയ അബ്ബാസിയുടെ വിഖ്യാത കവിതയായ ‘The Extinguished Star’ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ സാഹിത്യ സംസ്‌കൃതിയുടെ ഉദയനക്ഷത്രമായി വിശേഷിക്കപ്പെട്ട കവിയായിരുന്നു പര്‍ണിയ.
”നീയും ഞാനും അവസാനിക്കും. എവിടെയോ ലോകത്തെ ഏറ്റവും മനോഹര കവിത നിശബ്ദം വീഴുന്നു.”
പര്‍ണിയയുടെ പ്രശസ്ത കവിതയായ The Extinguished Star -ലെ വരികളാണിത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച കവിതകളെഴുതി ഇറാന്റെ ആധുനികത അടയാളപ്പെടുത്തിയ കവി കൂടിയായിരുന്നു പര്‍ണിയ. തന്റെ സാഹിത്യസംഭാവനകള്‍ക്കുപുറമേ, മികച്ച അക്കാദമിക്കും അധ്യാപികയും ഇംഗ്ലീഷ് വിവര്‍ത്തനസാഹിത്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിയുമുണ്ടായിരുന്നു പര്‍ണിയയ്ക്ക്.
ബെഹഷ്തി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ആണവശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ഹമിദ് മിനൗഷെഹര്‍ താമസിച്ചിരുന്നത് ഇതേ റെസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു. അദ്ദേഹത്തെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് എന്നാണ് ഇറാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷങ്ങളുടെ ഇടയില്‍ ജീവിക്കുമ്പോഴും എന്റെ അനുഭവങ്ങളെല്ലാം കവിതയിലൂടെ പകര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്കുമുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പര്‍ണിയ പറഞ്ഞിരുന്നു.