ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ കോടതി, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി തീർപ്പാക്കി.
അഭിഭാഷകനായ ജോജോ ജോസാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ കേസിൽ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് നിലപാടെടുത്തു.
ഇഡി പരിശോധന സംബന്ധിച്ച് മുൻകൂർ വിവരം പൊലീസിന് ലഭിച്ചിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗത്തുനിന്നും പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഈ റിപ്പോർട്ട് രേഖപ്പെടുത്തിയ ഹൈക്കോടതി, അന്വേഷണം നിലവിൽ ശരിയായ ദിശയിലാണെന്ന് വിലയിരുത്തി ഹർജി തീർപ്പാക്കുകയായിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയുണ്ടായ ഈ സംഭവം സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ കേസ് അന്വേഷണം കേരള പൊലീസിന്റെ നേതൃത്വത്തിൽ തന്നെ തുടരും.

