തെരുവുനായ ശല്യം രൂക്ഷം; തൃശൂർ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് അവധി
തൃശൂർ: തെരുവുനായ ശല്യം നിയന്ത്രണാതീതമായ സാഹചര്യത്തിൽ തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചു. നായകളുടെ ആക്രമണ ഭീഷണി മൂലം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് എ.ഇ.ഒയുടെ നിർദേശപ്രകാരം സ്കൂൾ അടച്ചത്.
സമീപ ദിവസങ്ങളിൽ സ്കൂൾ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം വ്യാപകമായിരുന്നു. ഇതിനിടെ ഒരു വിദ്യാർത്ഥിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുചിമുറിയിൽ പോകാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണെന്ന് അധ്യാപകർ പറയുന്നു.
ക്ലാസ് മുറികളിലും വരാന്തകളിലും തെരുവുനായകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു നായ നാല് കുഞ്ഞുങ്ങളുമായി കഴിയുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അധ്യാപകർ വടികളുമായി കാവൽ നിൽക്കേണ്ട അവസ്ഥയാണെന്ന് പ്രധാനാധ്യാപിക ഷീജ പറഞ്ഞു. കുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരുന്നതായും അവർ വ്യക്തമാക്കി.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ സ്കൂൾ വീണ്ടും തുറക്കുകയുള്ളുവെന്നാണ് അധികൃതർ അറിയിച്ചത്.

