നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. അല്ലു അര്‍ജുന്‍ സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.