എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി. എകെജി സെന്ററിന് മുന്നില്‍ മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തിരിക്കെ സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിൻ്റെ പിന്‍ഭാഗത്ത് കൂടെ രവി ഡി സി മടങ്ങുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രവി ഡിസി മടങ്ങിയത്.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തില്‍ ഡി സിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തില്‍ ഇ പി ജയരാജന്റെ പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുകയാണ്. ഇതിനിടിയിലാണ് ഡി സി രവി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദര്‍ശിച്ചിരിക്കുന്നത്. ഡിസി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ക്ഷണിക്കാനാണ് ഡി സി രവി എത്തിയതെന്നാണ് വിവരം.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇ പി ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. ‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പിന്നാലെ സംഭവത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.