Latest News

എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

 എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി.

നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.

2024 ഒക്ടോബർ 14ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, ക്ഷണിക്കാതെയാണ് ചടങ്ങിലെത്തിയതെന്നും അവിടെ നവീൻ ബാബുവിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായും ആരോപണം ഉയർന്നിരുന്നു.

സ്ഥലംമാറ്റത്തെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാനിരുന്ന നവീൻ ബാബു, ചടങ്ങിന് ശേഷം ഉപഹാരങ്ങൾ പോലും സ്വീകരിക്കാതെയാണ് കളക്ടറേറ്റ് വിട്ടതെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്. അന്ന് രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

എന്നാൽ പിറ്റേന്ന് പുലർച്ചെ ചെങ്ങന്നൂരിൽ കാത്തുനിന്ന ബന്ധുക്കൾ നവീൻ ബാബു ട്രെയിനിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക ഉയർന്നു. തുടർന്ന് വിവരം കണ്ണൂരിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നീട് എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള സർക്കാർ തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes