Latest News

ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

 ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഗൂഢാലോചനാ തലത്തിലേക്കും വ്യാപിപ്പിച്ച് എസ്ഐടി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളുടെ ഫോൺ രേഖകളും മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് പ്രേരിപ്പിച്ച കോളുകളുടെയോ സന്ദേശങ്ങളുടെയോ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ കുറ്റത്തിൽ പങ്കുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.

അന്വേഷണ സംഘം കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരിൽ നിന്നാണ് മൊഴി ശേഖരിച്ചത്. പരിശോധന നടത്തുന്നതിനായി കൈവശമുണ്ടായിരുന്ന സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള രേഖകളും സംഘം പരിശോധിച്ചു.

വീണ വിജയന്റെ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്റെയും മൊഴി രേഖപ്പെടുത്തി. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഭ്യമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 46 പേരെ തിരിച്ചറിഞ്ഞതായും ശേഷിക്കുന്നവരെ ഉടൻ പിടികൂടുമെന്നും എസ്ഐടി അറിയിച്ചു.

അതേസമയം, കേസിൽ നിലവിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത് താഴെത്തട്ടിലുള്ള സിപിഎം പ്രവർത്തകരാണ്. എന്നാൽ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ അവരുടെ പങ്കും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇഡിയുടെ നിലപാട്.

അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തുമ്പോൾ കക്ഷിചേരുന്നതും ഇഡി പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങളും തെളിവുകളും ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചതായും റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes