മഴയത്ത് കളിക്കുന്നതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ അച്ഛൻ 10 വയസുകാരനെ കുത്തി കൊലപ്പെടുത്തി

മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ സാഗർപൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മഴയത്ത് കളിക്കാൻ പോകാൻ മകൻ ശാഠ്യം പിടിച്ചതിനാണ് അച്ഛൻ കുത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. 40കാരനായ എ റോയ് ആണ് പ്രതി.
മഴയത്ത് കളിക്കാൻ പോകേണ്ടെന്ന് പറഞ്ഞത് കുട്ടി അനുസരിക്കാതിരുന്നതോടെ അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു ഒന്നരയോടെ ഡൽഹിയിലെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുയെന്ന് ഡോക്ടർമാർ പറഞ്ഞു.
സാഗർപൂരിലെ മോഹൻ ബ്ലോക്കിലെ ഒരു ഒറ്റമുറി വാടക വീട്ടിലാണ് പ്രതിയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളുടെ അമ്മ വർഷങ്ങൾക്ക് മുൻപേ മരിച്ചിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.