പാലക്കാട് ചിറ്റൂരിൽ 1326 ലിറ്റർ സ്പിരിറ്റ് പിടികൂടി
പാലക്കാട് ചിറ്റൂരില്‍ തെങ്ങിൻതോപ്പില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എമ്മിന്‍റെ നിർദേശപ്രകാരം ചിറ്റൂർ എക്സൈസ് സർക്കിള്‍ സംഘവും പാലക്കാട് ഐബി ഇൻസ്പെക്ടറും സംഘവും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും, കെമു സംഘവും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ വി രജനീഷ്, പാലക്കാട് ഐബി ഇൻസ്‌പെക്ടർ എൻ നൗഫല്‍, ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ എസ് ബാലഗോപാല്‍, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ ജെ ഓസ്റ്റിൻ, ആർ എസ് സുരേഷ് തുടങ്ങിയവരുടെ പരിശോധന സംഘത്തിലുണ്ടായിരുന്നു.