24 മണിക്കൂറിൽ 51 മില്യൺ കാഴ്ചക്കാർ; സിങ്കം എഗെയ്ൻ ട്രെയിലർ ഹിറ്റ്

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘സിങ്കം എഗെയ്നി’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിൽ 51. 95 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ 10 ഇന്ത്യൻ ട്രെയിലറുകളുടെ പട്ടികയിൽ സിങ്കം എഗെയ്ൻ ഇടം നേടി. 51.1 മില്യൺ കാഴ്ചക്കാരെ നേടിയ രാജമൗലിയുടെ ആർ ആർ ആറിനെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്ലർ.
പ്രഭാസ് ചിത്രം സലാറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 113.2 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സ്വന്തമാക്കിയിരുന്നത്. കെ ജി എഫ് ചാപ്റ്റർ 2 106 മില്യണും ആദിപുരുഷ് 74 മില്യൺ കാഴ്ചക്കാരെയും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. സലാർ (Trailer 2): 72.2 മില്യൺ, അനിമൽ : 71.4 മില്യൺ, ഡങ്കി: 58.5 മില്യൺ, രാധേ ശ്യാം: 57.5 മില്യൺ, ജവാൻ പ്രിവ്യൂ : 55 മില്യൺ എന്നിവയാണ് പട്ടികയിലെ മറ്റു ചിത്രങ്ങൾ.
അതേ സമയം, അഞ്ച് മിനിറ്റോളം ദൈർഘ്യമുളള ട്രെയിലറിന് സോഷ്യൽമീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. സിനിമയുടെ കഥ മുഴുവൻ ട്രെയിലറിൽ പറയുന്നുണ്ടെന്നും ട്രെയിലറിനെ ഒരു ഷോർട്ട്ഫിലിമായി പ്രഖ്യാപിക്കണം എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പർസ്റ്റാർസിന്റെ മാഷപ്പ് ആണോ ഇത് എന്നും ചോദ്യം വരുന്നുണ്ട്. ട്രെയിലറിലെ രാമായണം റഫറൻസും ദീപികയുടെ പ്രകടനവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായിരുന്നു.
അജയ് ദേവ്ഗണിനൊപ്പം കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ സൂര്യവംശിയുടെ തുടർച്ചയായിട്ടാണ് സിങ്കം എഗെയ്ൻ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്.