എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, ഭേദഗതി ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയും ജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇതിനിടെ, എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഓർത്തഡോക്സ് സഭയും രംഗത്തെത്തി. സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പുതിയ നിയമം സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾ തന്നെ കർശനമാണെന്നും അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം സഭയെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നതാണെന്നും, സഭകൾ ഇതുവരെ നടത്തി വന്ന സേവന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സഭയുടെ പല പ്രവർത്തനങ്ങളും തടസപ്പെട്ട നിലയിലാണെന്നും, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

