ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ
പട്ന: ബിഹാറിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മദ്യനിരോധന നയം പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
2016ൽ മദ്യനിരോധനം നടപ്പിലാക്കിയതിന് ശേഷം ഔദ്യോഗിക കണക്കുകൾ പ്രകാരം 1300ലധികം ആളുകൾ വ്യാജമദ്യം കഴിച്ച് മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

