Latest News

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ ഏഴായി; ഇനി ഒരാൾക്കായി തിരച്ചിൽ തുടരുന്നു

 കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ ഏഴായി; ഇനി ഒരാൾക്കായി തിരച്ചിൽ തുടരുന്നു

മേപ്പാടി: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ അറിയിച്ചു.

മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയുടെ സർവേയറുമായിരുന്ന രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.

കള്ളാടിയിലെ ദുരന്തഭൂമിയിൽ ഇന്ന് നാലാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇന്നലെ മാത്രം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ദുരന്തത്തിൽപ്പെട്ടവർ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ നിർമാണ ചുമതലയുള്ള കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ സ്ഥാപനത്തിലെ തൊഴിലാളികളാണ്.

അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ.പി. അനിൽകുമാറും മന്ത്രി അഡ്വ. ടി. സിദ്ദീഖും പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, പൊലീസ്, ദുരന്തനിവാരണ സേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

ഇതിനിടെ ദുരന്തത്തിന്റെ കാരണങ്ങളും നിർമാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളും പരിശോധിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശാസ്ത്രജ്ഞർ, ജിയോളജിസ്റ്റുകൾ, തുരങ്ക നിർമാണ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെ തുടർന്നാണ് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ മേഖലയിലുണ്ടായ ഈ ദുരന്തം സംസ്ഥാനത്തെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes