വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ;ലോക്സഭ സീറ്റുകൾ 816 ആയി ഉയരും
ഡൽഹി: ഇന്ത്യൻ പാർലമെൻ്റിന്റെ ചരിത്രത്തിൽ നിർണായക നീക്കമായി വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ മാസം 16ന് ചേരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ ഭേദഗതിയോടെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 816 ആയി ഉയരും. നിലവിലുള്ള 543 സീറ്റുകൾക്ക് പുറമെ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് പ്രധാന നിർദേശം. ഇതോടൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണ ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന നിയമസഭകളിലും സീറ്റുകൾ വർധിപ്പിച്ച് വനിതകൾക്ക് ആനുപാതിക സംവരണം നൽകാനുള്ള നടപടികളും ബില്ലിൽ ഉൾപ്പെടുന്നു. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായുള്ള പ്രത്യേക ബില്ലും സർക്കാർ സഭയിൽ അവതരിപ്പിക്കും.
2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ വനിതാ സംവരണ ബില്ലിലാണ് കേന്ദ്ര സർക്കാർ പുതുക്കലുകൾ വരുത്തിയിരിക്കുന്നത്. 2029ലെ പൊതുതെരഞ്ഞെടുപ്പോടെയായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു മുന്നേറ്റമായാണ് ബില്ലിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്.

