Latest News

നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

 നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്നും ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ ആശങ്കയ്ക്കിടയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണംയും മദ്യവും വിതരണം ചെയ്യുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ മദ്യം ഒഴുകുകയാണെന്നും കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ തകർക്കാനുള്ള ശ്രമമാണിതെന്നും, കിറ്റ് വിതരണം, പണം, ജോലി വാഗ്ദാനം തുടങ്ങിയവ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപിച്ചു.
ഇതിന് മറുപടിയായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വികസിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായി പറഞ്ഞു. സംസ്ഥാനത്തെ രക്ഷിക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപി ജനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്നും നിയമസഭയിൽ നിർണായക ശക്തിയാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.


ഇതിനിടെ കോൺഗ്രസിനെയും ശിവൻകുട്ടി വിമർശിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ സംസ്കാരശൂന്യമാണെന്നും ജനങ്ങൾ എല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെക്കുറിച്ച് താൻ ഉന്നയിച്ചത് സംശയങ്ങളാണെന്നും നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes