മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ്
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് നിർദേശിച്ച് മുസ്ലീം ലീഗ്. എഐസിസി നിരീക്ഷകരെ നേരിൽ കണ്ടാണ് ലീഗ് നേതൃത്വം പിന്തുണ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവർ ഉൾപ്പെട്ട സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും എഐസിസി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗിനൊപ്പം ജോസഫ് ഗ്രൂപ്പും വി.ഡി. സതീശന് അനുകൂല നിലപാടിലാണ് എന്ന സൂചനകളുണ്ട്.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വൈകുന്നതിൽ ആർഎസ്പി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, എല്ലാ ചർച്ചകളും പൂർത്തിയാക്കി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എഐസിസി നിരീക്ഷകൻ അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം എഐസിസിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം നിയമസഭാ കക്ഷി യോഗം പാസാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണാവകാശങ്ങളിലും വിവിധ പക്ഷങ്ങൾ തമ്മിൽ മത്സരം ശക്തമാണ്. കെ.സി. വേണുഗോപാൽ പക്ഷം 48 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുമ്പോൾ, വി.ഡി. സതീശൻ പക്ഷം 35 പേരുടെ പിന്തുണയുണ്ടെന്ന് പറയുന്നു. ആർ.സി. ക്യാംപ് 23 എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

