വയറുവേദനയുമായി എത്തി 9 വയസുകാരന്; ‘ഗ്യാസിന്റെ ഗുളിക നല്കി മടക്കി’, കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ആശുപത്രിയില്‍നിന്ന് മടങ്ങിയ ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് നടത്തിയ സ്കാനിങ്ങില്‍ അപ്പന്‍ഡിക്സ് പൊട്ടി ഗുരുതര അണുബാധയുണ്ടായതായി കണ്ടെത്തിയത്. പിന്നീട് കൊടുവള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം വ്യക്തമാക്കി.
ചികിത്സാ വീഴ്ചയുണ്ടായോ എന്നത് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ഇടപെടലും നിര്‍ണായകമാകും.

