വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, വയനാട്ടിൽ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു.
മഴക്കെടുതികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ പ്രധാന നദികളിൽ പലതും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

