Latest News

ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

 ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഇറാനെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെ ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്ന അമേരിക്കയുടെ മുൻ തീരുമാനം പിൻവലിച്ചതായും ട്രംപ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎസിന്റെ റീഇംബേഴ്സ്മെന്റ് ഫീസിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയുമായി വൻതോതിലുള്ള വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ നിക്ഷേപങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും ഗൾഫ് രാജ്യങ്ങൾക്കും വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യം വഷളായ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടോൾ ഈടാക്കാനുള്ള നിർദ്ദേശവും മുന്നോട്ടുവച്ചത്. എന്നാൽ പുതിയ ചർച്ചകൾക്ക് പിന്നാലെ ആ തീരുമാനം മാറ്റുകയാണെന്ന് ട്രംപ് അറിയിച്ചു.

ഇറാനെതിരെ രൂക്ഷ വിമർശനവും ട്രംപ് ഉയർത്തി. രാജ്യത്തെ ഭരണകൂടം ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാട് ആവർത്തിക്കുകയും ചെയ്തു.

ഹോർമുസ് കടലിടുക്ക് ആഗോള എണ്ണവ്യാപാരത്തിലെ ഏറ്റവും നിർണായകമായ സമുദ്രമാർഗങ്ങളിലൊന്നായതിനാൽ, അമേരിക്കയുടെ പുതിയ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes