ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന വ്യാപക ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജയ് പിന്തുണ അറിയിച്ചത്.
ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് വിജയ് വ്യക്തമാക്കി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി രണ്ട് സംസ്ഥാനങ്ങളുടെയും പൊലീസ് വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തി മേഖലകളിൽ സംയുക്ത പരിശോധനകളും വിവര കൈമാറ്റവും ശക്തിപ്പെടുത്തുന്നതിനും തീരുമാനമായതായി വൃത്തങ്ങൾ അറിയിച്ചു.
ലഹരിക്കെതിരായ പോരാട്ടം ഒരു സംസ്ഥാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, യുവതലമുറയെ സംരക്ഷിക്കാൻ സംസ്ഥാനങ്ങൾ കൈകോർക്കേണ്ടത് അനിവാര്യമാണെന്നും വിജയ് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം വ്യാപക പരിശോധനകളും ബോധവത്കരണ പരിപാടികളും പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരിന്റെ സഹകരണം ലഭിക്കുന്നതോടെ ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

