റഷ്യൻ സൈന്യത്തിൽ ഇനി 20 ഇന്ത്യക്കാർ; 85 പേരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ തുടരുന്ന 20 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ചൊവ്വാഴ്ച റഷ്യയിലെ ഖസാനിൽ നടക്കുന്ന നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിക്കുന്നു വിദേശകാര്യ സെക്രട്ടറി. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നാണ് സൂചന.
ഇന്ത്യക്കാരുടെ മോചനത്തിനായി റഷ്യയിലെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിക്രം മിസ്രി പറഞ്ഞു. നിലവിലെ വിവരമനുസരിച്ച്, ഏകദേശം 85 പേർ റഷ്യയിൽനിന്ന് മടങ്ങിയെത്തി. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ചിലരുടെ മൃതദേഹാവശിഷ്ടങ്ങളും തിരികെ ലഭിച്ചിട്ടുണ്ട്. ഏകദേശം 20 പേർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ അവശേഷിക്കുന്നുണ്ടെന്നാണ് ധാരണ. സേനയിൽ അവശേഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുന്നതിനായി ചർച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്ത്യക്കാരുടെ സൈനികസേവനത്തിനുള്ള കരാർ റദ്ദാക്കാത്തതാണ് മോചനം പൂർണമാകാത്തതിനു കാരണമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഈ വർഷം ഏപ്രിലിൽ നിർത്തിവെച്ചതായി ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചിരുന്നു. യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൻ്റെ സപ്പോർട്ടിങ് സ്റ്റാഫായി പ്രവർത്തിച്ചിരുന്ന ഒൻപതോളം ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതോടെയാണ് പൗരന്മാരെ മോചിപ്പിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയത്. ഈ വർഷം ജൂലൈയിൽ മോസ്കോയിൽ നടന്ന ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിക്കിടെ ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ലാഡിമിർ പുടിനോട് ആവശ്യപ്പെട്ടിരുന്നു.