ചിപ്പ്സ് വാങ്ങാൻ ഇറങ്ങി; ട്രെയിന്‍ പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുച്ചേരി എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. റെയിൽവേ പൊലീസും യാത്രക്കാരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനടിയിലേക്ക് വീണ് കിടക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ച് എടുക്കുകയായിരുന്നു. പെൺകുട്ടിക്ക് നിസാര പരിക്കുകളുണ്ട്. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
തലശ്ശേരിയിൽ നിന്നും മംഗലാപുരത്തേക്ക് ടിക്കറ്റ് എടുത്ത പെൺകുട്ടി ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ കടയിൽ നിന്ന് ചിപ്പ്സ് വാങ്ങാനായി പ്ലാറ്റ്ഫോമിലിറങ്ങി. ഇതിനിടയിൽ ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ പോകാൻ തുടങ്ങിയിട്ടും പെൺകുട്ടി കടയിൽ തന്നെ നിൽക്കുകയായിരുന്നു. ട്രെയിൻ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുകയും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് യാത്രക്കാരും റെയിൽ വേ പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. പിന്നാലെ അടുത്ത ട്രെയിനിന് പെൺകുട്ടി മംഗലാപുരത്തേക്ക് പുറപ്പെട്ടു.