Latest News

ഹസ്തദാന വിവാദം, സരിന്റെ നടപടി ശരി; എം ബി രാജേഷ്

 ഹസ്തദാന വിവാദം, സരിന്റെ നടപടി ശരി; എം ബി രാജേഷ്

പാലക്കാട്: കല്ല്യാണ വീട്ടിലെ ഹസ്തദാന വിവാദത്തില്‍ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. സരിന്റെ നടപടി ശരിയാണെന്ന് എം ബി രാജേഷ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നതുകൊണ്ട് കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോയെന്നും എം ബി രാജേഷ് പറഞ്ഞു.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനൊന്നും ഒരു വിലയും കല്‍പിക്കാത്ത പെരുമാറ്റമാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പില്‍ എംപിയുടേയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ത്ഥ സംസ്‌കാരം ചില സന്ദര്‍ഭങ്ങളില്‍ പുറത്തുചാടും. ഇന്ന് കല്യാണവീട്ടില്‍ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്‍പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായത്.

എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശന്‍ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയില്‍ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ല്‍ ഞാന്‍ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാള്‍ അതുവഴി പോകുമ്പോള്‍ ശ്രീകണ്ഠന്‍ എന്റെ വീട്ടില്‍ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയില്‍ ശ്രീ. വി ടി ബല്‍റാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല.

എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. ഡോ. സരിന്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാന്‍ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes