Latest News

ഉപതിരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ

 ഉപതിരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ

ചേലക്കര: ഉപതിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിൽ. ഇന്നും നാളെയുമായി മണ്ഡലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് വരവൂരിലാണ് മുഖ്യമന്തിയുടെ ആദ്യ പരിപാടി. ശേഷം ദേശമംഗലത്തും ചെറുവത്തൂരിലും മുഖ്യമന്ത്രി എത്തും. നാളെ കൊണ്ടാഴി. പഴയന്നൂർ, തിരുവില്ല്വാമല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

മുഖ്യമന്ത്രിയെ നേരിട്ടിറക്കി പ്രചാരണത്തിൽ മേൽകൈ നേടാൻ ഇടതുമുന്നണി ശ്രമിക്കുമ്പോൾ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഡിഎഫ്. 1996ന് ശേഷം ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒരു പ്രാവശ്യം പോലും ജയിക്കാൻ കഴിയാത്ത യുഡിഎഫിന്, ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് കച്ചിത്തുരുമ്പാണ്. അതുകൊണ്ടുതന്നെ, ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ വിജയത്തിനായി പ്രവർത്തിച്ച മാതൃകയിൽ, കുടുംബയോഗങ്ങളിലൂന്നി അടിത്തട്ടിൽ വേരുറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.

അതേസമയം, ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13 വരെ ചേലക്കര നിയോജകമണ്ഡലത്തില്‍ മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes