Latest News

കായംകുളത്ത് എം.എൽ.എയും പാർട്ടിയും രണ്ട് തട്ടിൽ, ചെയർപേഴ്സണും എം.എൽ.എയും പോരിൽ

 കായംകുളത്ത് എം.എൽ.എയും പാർട്ടിയും രണ്ട് തട്ടിൽ, ചെയർപേഴ്സണും എം.എൽ.എയും പോരിൽ

കായംകുളത്ത് യു.പ്രതിഭ എം.എല്‍.എയും നഗരസഭ ചെയർപേഴ്സണ്‍ പി.ശശികലയും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ സ്വന്തം നിലയില്‍ പ്രവർത്തിക്കുന്ന എം.എല്‍.എക്കെതിരെ ഏരിയാ നേതൃത്വം ജില്ലാകമ്മറ്റിക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഇരുവരുടെ തുറന്ന പോരാണ് കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം അലങ്കോലമാകാൻ കാരണം.

ഇരുവരും വാക്ക് ശരങ്ങള്‍ക്കൊണ്ട് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യോഗത്തില്‍ വാക്കേറ്റവും ബഹളവും ഉണ്ടായത്. തുടർന്ന് എം.എല്‍.എ ഇറങ്ങിപ്പോകുകയായിരുന്നു. ഉപജില്ലാകലോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും ഇത് ഇനി അനുവദിക്കില്ലെന്നും യോഗത്തില്‍ ശശികല പറഞ്ഞപ്പോള്‍ നഗരസഭ ചെയർപേഴ്സണ് പ്രത്യേക പരിഗണന ഇല്ലെന്ന് പ്രതിഭയും തുറന്നടിച്ചിരുന്നു.

ചെയർപേഴ്സന്റെ ഭർത്താവാണ് സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ. പാർട്ടിയെ വകവയ്ക്കാതെയുള്ള പ്രതിഭയുടെ പോക്ക് പലതവണ ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പ്രവർത്തകർ വിളിച്ചാല്‍ ഫോണ്‍ എം.എല്‍.എ എടുക്കാത്തതും പാർട്ടി നേതാക്കളെ ഫേസ് ബുക്കിലൂടെ അപമാനിക്കുന്നതും പി.വി അൻവറെ പിന്തുണച്ചതുമെല്ലാം പാർട്ടിക്ക് തലവേദനയായിരുന്നു.

ഇവർതമ്മില്‍ വർഷങ്ങളായി തുടരുന്ന ഏറ്റുമുട്ടല്‍ കായംകുളത്തെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. യോഗങ്ങളില്‍ ഒരാള്‍ മറ്റൊരാള്‍ക്കായി കാത്തിരിക്കില്ല. ചെയർപേഴ്സണോട് ആലോചിക്കാതെ പരിപാടികള്‍ നടത്തുന്നതിനാല്‍ അടുത്തിടെ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളില്‍ നിന്നുപോലും അവർ വിട്ടു നിന്നിരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കലോത്സവ സ്വാഗതസംഘ യോഗത്തില്‍ കണ്ടത്.

അതേ സമയം കലോത്സവം അലങ്കോലപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് കോൺഗ്രസും രംഗത്തെത്തി. ജില്ലാ സ്കൂള്‍ കലോത്സവ സ്വാഗതസംഘം യോഗം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എം.എല്‍.എക്കും നഗരസഭ ചെയർപേഴ്സനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് നോർത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്നും എം.എല്‍.എ ഇറങ്ങിപ്പോയത് ഇതിന് ഉദാഹരണമാണ്. നഗരസഭ ചെയർപേഴ്സന്റെ പ്രസംഗവും അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള എം.എല്‍.എയുടെ മറുപടി പ്രസംഗവും ഒക്കെ കലോത്സവ നടത്തിപ്പിന്റെ സംഘാടകസമിതി രൂപീകരണത്തിനപ്പുറം ഇവർ തമ്മിലുള്ള ചേരിപ്പോരാണ് പുറത്തുകൊണ്ടുവരുന്നതെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes