Latest News

ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില

 ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026-ൽ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക തകർപ്പൻ ജയം സ്വന്തമാക്കി. പരാഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഫോലെരിൻ ബലോഗൺ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് അമേരിക്കയുടെ വിജയം.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പരാഗ്വയുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലൂടെ യുഎസ്എ ലീഡ് നേടി. തുടർന്ന് അമേരിക്ക ആക്രമണം ശക്തമാക്കുകയും ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ മൂന്ന് ഗോളുകളുടെ ലീഡ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മൗറീഷ്യയോയുടെ ഗോളിലൂടെ പരാഗ്വ ആശ്വാസം കണ്ടെത്തിയെങ്കിലും അമേരിക്കയുടെ ആധിപത്യം അവസാന നിമിഷം വരെ തുടർന്നു. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ജിയോവാനി റെയ്‌ന നേടിയ ഗോളോടെ യുഎസ്എ 4-1ന്റെ തകർപ്പൻ വിജയം ഉറപ്പിച്ചു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെയും ബ്രസീലിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പരാഗ്വ മത്സരത്തിനിറങ്ങിയത്. എന്നാൽ മൗറീസിയോ പോച്ചറ്റീനോയുടെ കീഴിൽ ഇറങ്ങിയ അമേരിക്കൻ സംഘം തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത് മത്സരം നിയന്ത്രിച്ചു.

അതേസമയം, ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡ ബോസ്നിയയോട് 1-1 സമനില വഴങ്ങി. 21-ാം മിനിറ്റിൽ ജോവോ ലൂക്കിച്ചിലൂടെ ബോസ്നിയ മുന്നിലെത്തി. ആദ്യ പകുതിയിൽ ലഭിച്ച ഏക കോർണർ അവസരം ഗോളാക്കി മാറ്റിയാണ് ബോസ്നിയ ലീഡ് നേടിയത്.

രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ കാനഡയ്ക്ക് വേണ്ടി 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈൽ ലാരിൻ സമനില ഗോൾ നേടി. ഇതോടെ മത്സരത്തിൽ നിന്ന് ഒരു പോയിന്റ് വീതം സ്വന്തമാക്കി ഇരു ടീമുകളും പിരിഞ്ഞു.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ ബോസ്നിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, ലോകകപ്പിൽ ആദ്യ വിജയം തേടുന്ന കാനഡയ്ക്ക് സമനില ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes