അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ; ബ്രാഞ്ചില്‍ ഒതുങ്ങാനാവില്ല, രാഷ്ട്രീയം അവസാനിപ്പിക്കാം
![അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ; ബ്രാഞ്ചില്‍ ഒതുങ്ങാനാവില്ല, രാഷ്ട്രീയം അവസാനിപ്പിക്കാം](https://keralapoliticsonline.com/wp-content/uploads/2024/10/pp-divya--850x560.jpg)
കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്.തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു.
അതേസമയം, ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അഭ്യർത്ഥന നൽകി. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.