Latest News

സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ല, ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നു; പി കെ കുഞ്ഞാലിക്കുട്ടി

 സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ല, ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നു; പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: സ്മാർട്ടി സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ലെന്നും, ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുഖ്യമന്തി ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ട് കാര്യമില്ലെന്നും, ഐടിക്ക് പ്രത്യേക വകുപ്പോ മന്ത്രിയോ ഒന്നുമില്ലെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എന്ത് നടന്നുവെന്നും എൽഡിഎഫിന്റെ കാലത്ത് എന്ത് നടന്നുവെന്നും നോക്കണമെന്ന് അഭിപ്രായപ്പെട്ട കുഞ്ഞാലിക്കുട്ടി 2016ന് ശേഷം പിണറായി സര്‍ക്കാരിന് വേഗതയുണ്ടായില്ലെന്നും കുറ്റപ്പെടുത്തി.

ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാനുള്ള നീക്കം വിചിത്രമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇത്രയും കാലം ഭൂമി വെറുതെ വെച്ചിരിക്കുകയാണ് ചെയ്തത്. കാര്യക്ഷമമായി നടത്തിയിരുന്നെങ്കില്‍ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. നഷ്ടപരിഹാരം കൊടുക്കാന്‍ തീരുമാനിച്ചത് എങ്ങനെയെന്ന് സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ അനുകൂല ക്ലോസ് ഉപയോഗിക്കാതെ എന്തുകൊണ്ട് അങ്ങോട്ട് നഷ്ടപരിഹാരം കൊടുക്കുന്നു എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന്റെ കൈവശമുള്ള 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നഷ്ടപരിഹാരം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിലെ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ടീകോം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്. ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്ന പക്ഷം നഷ്ടപരിഹാരം നല്‍കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് 2007ലെ സ്മാര്‍ട്ട് സിറ്റി കരാറിന്റെ ലംഘനമാണ്. പദ്ധതി ഏതെങ്കിലും കാരണവശാല്‍ പരാജയപ്പെട്ടാല്‍, അതിന് കാരണക്കാര്‍ ടീകോമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അവര്‍ തന്നെയാണ്. നിര്‍മാണ പ്രവര്‍ത്തനം അടക്കം സര്‍ക്കാരിനുണ്ടായ മുഴുവന്‍ നഷ്ടവും ടീകോമില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നും സ്മാര്‍ട്ട് സിറ്റി കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes