Latest News

ദൃഷാനയെ ഇടിച്ച കാര്‍ ഒടുവില്‍ പിടികൂടി; തുമ്പായത് ഇൻഷുറൻസ് ക്ലെയിം കേന്ദ്രീകരിച്ചുള്ള പരിശോധന

 ദൃഷാനയെ ഇടിച്ച കാര്‍ ഒടുവില്‍ പിടികൂടി; തുമ്പായത് ഇൻഷുറൻസ് ക്ലെയിം കേന്ദ്രീകരിച്ചുള്ള പരിശോധന

കോഴിക്കോട്: ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഒമ്പതര മാസത്തിന് ശേഷം പൊലീസ് പിടികൂടി. പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെ.എല്‍. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച ഷജീല്‍ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി വടകര റൂറല്‍ എസ്.പി നിധിൻ രാജ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ടത്. അപകടത്തില്‍ ബേബി മരിച്ചു. ഈ വർഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നടത്തിയത് വിശദമായ അന്വേഷണം

ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ 500 വർക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോള്‍ ഡിറ്ററയില്‍സ് പരിശോധിച്ചു. മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 19,000 വാഹന രജിസ്ട്രേഷനുകളും പരിശോധിച്ചു. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇൻഷുറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ വിവിധ ക്ലെയിമുകളും പരിശോധിച്ചു. ഒടുവില്‍ 2024 മാർച്ചില്‍ മതിലിലിടിച്ചു എന്ന പേരില്‍ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് വാഹനം ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചത്.

സംഭവദിവസം ഈ വാഹനം വടകര-തലശ്ശേരി റോഡില്‍ ഈ വണ്ടി യാത്ര പോയിരുന്നതായും കണ്ടെത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ട് കാർ കടന്നുപോവുകയായിരുന്നു. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു. വെള്ളനിറത്തിലുള്ള കാറാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്.

ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. വിഷയത്തില്‍ ഹൈകോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിരുന്നു. സംഭവത്തില്‍ ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിന്റെപേരില്‍ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes