വിഎച്ച്പി വേദിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിവാദ പരാമർശം; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ വേദിയില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശത്തില്‍ ഇടപെട്ട് സുപ്രീംകോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി തുടങ്ങി. അലഹബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി. വിഎച്ച്പി വേദിയില്‍ ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണപരൂപം ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
ശേഖര്‍ കുമാര്‍ യാദവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കത്തുകളാണ് വഭിച്ചത്. ശേഖര്‍ കുമാര്‍ യാദവിനെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സിറ്റിങ് ജഡ്ജി പങ്കെടുത്തത് വിവാദമായിരുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് പുറമേ ജസ്റ്റിസ് ദിനേശ് പതക്കും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. നീതിയിലും സമത്വത്തിലും ഊന്നിയുള്ളതാണ് ഏക സിവില്‍ കോഡ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകും. നിയമത്തില്‍ ഐക്യം പുലരുമെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.
തൻ്റെ വിധി പ്രസ്താനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.