സിപിഐഎം കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ടിലും വിമർശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ കരുനാഗപ്പള്ളിയി ഏരിയയിലെ വിഭാഗീയതയ്ക്കെതിരെ രൂക്ഷവിമർശനം. കരുനാഗപ്പള്ളിയിൽ വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാർ ഇടപെട്ടിട്ടും സ്ഥാപിത താൽപര്യങ്ങളുമായി മുന്നോട്ട് പോയി. പാർട്ടിയുടെ വാക്കിന് യാതൊരു വിലയും കൽപിച്ചില്ല. വിഭാഗീയ പ്രശ്നങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എന്ന് നിർദ്ദേശിച്ചതാണ്. എന്നാൽ നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളിയിലെ ലോക്കൽ സമ്മേളനങ്ങളിൽ നടന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും ഉള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
നേരത്തെ കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും തുടർന്ന് ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരൻ കൺവീനറും എസ് ആർ അരുൺ ബാബു, എസ് എൽ സജികുമാർ,പി.ബി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, എഎം ഇക്ബാൽ എന്നിവർ അംഗങ്ങളുമായ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നടുറോഡിലെ കയ്യാങ്കളിയും തർക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടത്.