Latest News

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും

 സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും. മോചന ഹര്‍ജിയില്‍ വിധി പറയുന്നത് റിയാദ് കോടതി വീണ്ടും നീട്ടി. സാങ്കേതിക തടസമെന്ന് വിശദീകരിച്ചാണ് നീട്ടിവെച്ചത്.

റഹീമിന്റെ കേസുമായി ബന്ധപ്പെട്ടോ പ്രോസിക്യൂഷന്‍ വാദങ്ങളുമായി ബന്ധപ്പെട്ടോ ഹര്‍ജി മാറ്റിവച്ചതല്ല. റിയാദ് കോടതിയിലുണ്ടായ സാങ്കേതിക തടസങ്ങള്‍ കാരണം നീട്ടിവെച്ചതാണ്. വൈകാതെ തന്നെ അടുത്ത സിറ്റിങ്ങ് നടത്തുമെന്നാണ് കോടതി അഭിഭാഷകരെ അറിയിച്ചത്. കോടതിയില്‍ ഇന്ന് നടക്കേണ്ട എല്ലാ കേസുകളും മാറ്റിവെച്ചു.

വലിയ പ്രയാസത്തിലാണ് കുടുംബമുള്ളതെന്നും ഇന്ന് വിധി വന്നിരുന്നെങ്കില്‍ നൂറ് ശതമാനം ശുഭ പ്രതീക്ഷയുണ്ടായിരുന്നുവെന്നും റഹീം നിയമ സഹായ സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാകാത്തതിനാലാണ് ജയില്‍ മോചനം നീളുന്നത്.

അബ്ദുല്‍ റഹീം തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉന്നതര്‍ അടക്കമുള്ളവര്‍ ഇടപെടല്‍ നടത്തിയെങ്കിലും കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയില്‍ കുട്ടിയുടെ കുടുംബം മാപ്പു നല്‍കിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികള്‍ ചേര്‍ന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിന്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes