എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതികരണവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. ഉദ്യോഗസ്ഥ കമ്മിറ്റി തീരുമാനം സാങ്കേതികമായി ശരിയാണെന്നും, എല്ലാ സാങ്കേതികശരികളും എപ്പോഴും രാഷ്ട്രീയ ശരിയാകണമെന്നില്ല എന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക.
‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്കാന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

