Latest News

എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

 എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്തു സമ്പാദനത്തിനുള്ള വിജിലന്‍സ് അന്വേഷണത്തിന് പുറമേ, തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചതു സ്ഥാനക്കയറ്റം നല്‍കുന്നതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നപ്പോഴും പിണറായി വിജയനാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. പിണറായി വിജയന്റെ ദൂതനായാണ് ആര്‍എസ്എസ് നേതാക്കളുമായ അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അജിത് കുമാര്‍ എഡിജിപി പദവിയിലിരുന്നു ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായി വേണ്ടിയാണ് എന്നത് അടിവരയിടുന്നത് കൂടിയാണ് ഡിജിപി സ്ഥാനമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes