എം.സി റോഡിൽ പിക്കപ്പും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം.സി. റോഡിലെ കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ബൊലീറോയിൽ യാത്ര ചെയ്ത കൊല്ലാട് കുഴക്കീൽ സ്വദേശിയായ ജെയ്മോൻ ജെയിംസ് (43), മംഗളാലയം സ്വദേശിയായ അർജുൻ (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് എതിർദിശയിൽ വന്ന പിക്കപ്പ് വാനുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൊലീറോ ജീപ്പ് പൂർണ്ണമായി തകർന്നു, പിക്കപ്പ് വാനിനും ഗൗരവമായി കേടുപറ്റി. സംഭവസ്ഥലത്തേക്ക് ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.