ബാലിയിൽ ബോട്ട് മുങ്ങി; രണ്ട് മരണം, 43 പേരെ കാണാനില്ല
ജക്കാർത്ത: ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കടലിൽ മുങ്ങി 2 പേർ മരിച്ചു. 43 പേരെ കാണാനില്ല. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. കാണാതായവർക്കായി 9 ബോട്ടുകളിലായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമങ്ങൾ തുടരുമെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി അറിയിച്ചു.

