അബ്ദുൾ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല; അനുനയിപ്പിച്ച് നേതാക്കൾ
പാലക്കാട്: പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. നേതാക്കള്‍ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചു. തുടര്‍ന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ ഷുക്കൂര്‍ നേതാക്കള്‍ക്കൊപ്പമെത്തി. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ അബ്ദുൾ ഷുക്കൂറുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് സൂചന.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു. ‘സിപിഐഎമ്മില്‍ പൊട്ടിത്തെറിയെന്ന് വാര്‍ത്ത നല്‍കിയതില്‍ ലജ്ജിച്ച് തലത്താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നത് പോലെ ഷുക്കൂറിന്റെ വീട്ടിന് മുന്നില്‍ കാത്ത് നിന്നവര്‍ ലജ്ജിച്ച് തലത്താഴ്ത്തുക’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നെയെന്തിനാണ് ഷുക്കൂറിന്റെ വീട്ടില്‍ പോയതെന്ന ചോദ്യത്തിന് അത് പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു എന്‍എന്‍ കൃഷ്ണദാസിന്റെ മറുപടി. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നുമായിരുന്നു അബ്ദുൾ ഷുക്കൂര്‍ നേരത്തെ പ്രതികരിച്ചത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആളാണ് താന്‍. ഒരു ചവിട്ടിത്താഴ്ത്തല്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അബ്ദുൾ ഷുക്കൂര്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്നു ഷുക്കൂര്‍. പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന ഒരു യോഗത്തില്‍വെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നില്‍ക്കാന്‍ ആവാത്തതിനാല്‍ ഇന്നലെയോടെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നുമാണ് ഇന്ന് രാവിലെ അബ്ദുൾ ഷുക്കൂര്‍ വ്യക്തമാക്കിയത്.