പാലക്കാട് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി എ കെ ഷാനിബ്
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാമെന്നായിരുന്നു ഷാനിബ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി.
‘വോട്ടുകള്‍ ഭിന്നിക്കരുതെന്ന നിലപാടുണ്ട്. സരിന്‍ തിരഞ്ഞെടുപ്പിനിറങ്ങിയതിന് ശേഷം വലിയ ആവേശമുണ്ടായിട്ടുണ്ട്. മതേതര ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള നിലപാടെടുക്കണമെന്നാണ് നേതാക്കള്‍ പറഞ്ഞത്. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായതില്‍ ബിജെപിക്കകത്ത് വലിയ ഭിന്നതയുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകള്‍ സരിന് ലഭിക്കും. സരിന്‍ വിജയിക്കും’, ഷാനിബ് പറഞ്ഞു. വോട്ടര്‍മാരെ നേരിട്ട് കാണുമെന്നും വീടുകളില്‍ പോയി വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒരു കാരണവശാലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഷാനിബ് പറഞ്ഞിരുന്നു. എന്നാല്‍ നാമനിര്‍ദേശം നല്‍കരുതെന്നും നേരിട്ട് വന്ന് കാണാന്‍ താല്‍പര്യമുണ്ടെന്നും സരിൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാനിബും സരിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പാലക്കാട് യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തിലാണ് മത്സരിക്കുന്നത്. ബിജെപിക്ക് വേണ്ടി സി കൃഷ്ണകുമാരും രംഗത്തിറങ്ങും.