Latest News

വിജയ്ക്ക് പകരം അല്ലു അർജുനോ; ലിയോ കളക്ഷൻ മറികടക്കാൻ പുഷ്പ ടീം

 വിജയ്ക്ക് പകരം അല്ലു അർജുനോ; ലിയോ കളക്ഷൻ മറികടക്കാൻ പുഷ്പ ടീം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ ‘പുഷ്പ: ദ റൂള്‍’. പറഞ്ഞതിലും ഒരു ദിവസം നേരത്തെ ചിത്രം എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഇ4 എന്റർടൈൻമെൻറ്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്.

പുഷ്പയ്ക്ക് 24 മണിക്കൂറും ഷോ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇ4 എന്റർടൈൻമെൻറ്സ് ഉടമ മുകേഷ് ആര്‍ മെഹ്ത പറഞ്ഞു. വിജയ്‌യുടെ ലിയോ സിനിമയുടെ കേരളാ റെക്കോഡ് ഭേദിക്കാനും പുഷ്പ ലക്ഷ്യം വെക്കുന്നുണ്ട്. ലിയോയുടെ കേരള ഓപണിങ് ഡേ കളക്ഷന്‍ പുഷ്പ മറികടക്കണമെന്നാണ് തങ്ങളുടെ ഒരു അജണ്ടയെന്നും പ്രമോഷൻ ചടങ്ങിൽ മുകേഷ് പറഞ്ഞു.

വിജയ് നായകനായി എത്തിയ ലിയോ ആഗോളതലത്തിൽ 600 കോടി നേടി തരംഗം തീർത്തപ്പോൾ കേരളത്തിൽ നിന്നും നല്ലൊരു പങ്ക് സ്വന്തമാക്കിയിരുന്നു. 12 കോടിയാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍. കേരളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനാണിത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് പോലും ഈ റെക്കോഡ് തിരുത്താനിയിട്ടില്ല.

അല്ലു അർജുനെ മല്ലു അർജുനായും വിജയ്‌യെ ദത്തുപുത്രനുമായാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരു നടന്മാർക്കും കേരളത്തിൽ വലിയ ഫാൻ ബേസുണ്ട്. രണ്ട് താരങ്ങളുടെയും ചിത്രങ്ങളും കേരളം ആഘോഷമാക്കാറുമുണ്ട്. 14 കോടിയായിരുന്നു പുഷ്പയുടെ ആദ്യ ഭാഗത്തിന്‍റെ കേരളത്തിലെ ടോട്ടല്‍ കളക്ഷന്‍.

അതേസമയം, നേരത്തെ ഡിസംബർ ആറിന് റിലീസ് തീരുമാനിച്ചിരുന്ന പുഷ്പ ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നൽകുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലിനുമൊപ്പം രശ്മിക മന്ദാന, സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes