ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നു, ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷൻ; എന്‍ പ്രശാന്ത്
തിരുവനന്തപുരം: ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ പ്രശാന്ത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. അഭിപ്രായ സ്വാതന്ത്രം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഷങ്ങളോളം സ്‌കൂളിലും കോളേജിലും ഒക്കെ പഠിച്ചിട്ട് ആദ്യമായി കിട്ടുന്ന സസ്‌പെന്‍ഷനാണ്. ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. ശരിയെന്ന് കരുതുന്ന കര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലന്നാണ് വിശ്വസിക്കുന്നത്. മനോരോഗി എന്നത് ഭാഷാപരമായ പ്രയോഗമാണ്. ഇംഗ്ലീഷിലുള്ളത് പോലെ മലയാളത്തിലും ഒരുപാട് ഇഡിയംസ് ഏന്‍ഡ് ഫ്രെയിസസ് ഉണ്ട്. അഭിപ്രായ സ്വാതന്ത്രം എന്ന് പറഞ്ഞാലും ശരിക്കും ഇത് റൈറ്റ് ടു എക്‌സ്പ്രസ് ആണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാന്‍ സാധിക്കില്ല. നമുക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കും.
ഞാന്‍ എവിടേക്കും പോകുന്നില്ല. രാഷ്ട്രീയം എനിക്ക് പറ്റുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ന്യായമുള്ള കാര്യം സംസാരിക്കാന്‍ ഭരണഘടന എനിക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രമേയുള്ളൂ. അതിന് ഒരാളെ കോര്‍ണര്‍ ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ നിയമം പഠിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ ഫേസ്ബുക്കിലടക്കം കുറച്ചു ദിവസങ്ങളിലായി അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രശാന്ത് നടത്തിക്കൊണ്ടിരുന്നത്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതേസമയം എന്‍ പ്രശാന്ത് ഫയല്‍ മുക്കിയില്ലെന്ന് വ്യക്തമാക്കുന്ന തെളുവുകള്‍ പുറത്ത് വന്നിരുന്നു. ഫയലുകള്‍ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഉന്നതി പദ്ധതിയുടെ ഫയലുകള്‍ സിഇഒ ആയിരുന്ന എന്‍ പ്രശാന്ത് മുക്കി എന്നതായിരുന്നു ആരോപണം. എന്നാല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രശാന്ത് ഫയലുകള്‍ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഫയല്‍ മുക്കിയെന്ന് ജയതിലക് വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ആ റിപ്പോര്‍ട്ട് ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഒരു പത്രം വാര്‍ത്തയാക്കിയത്. ഈ റിപ്പോര്‍ട്ടിനെതിരെയായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ തുറന്നെഴുതിയത്.