ബോർഡർ ഗാവസ്കർ ട്രോഫി; ആദ്യ രണ്ട് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ മാത്രം സ്റ്റാർ സ്പോർട്സിലൂടെ കണ്ടത് 86.6 ദശ ലക്ഷം കാഴ്ചക്കാർ
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ മാത്രം സ്റ്റാർ സ്പോർട്സിലൂടെ കണ്ടത് 86.6 ദശ ലക്ഷം കാഴ്ചക്കാരെന്ന് റിപ്പോർട്ട്. 1200 കോടി മിനിറ്റുകളാണ് ഈ എട്ടര കോടി കാഴ്ചക്കാർ ആകെ കണ്ടതെന്നും സ്റ്റാർ സ്പോർട്സ് പുറത്ത് വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ ബോർഡർ ഗാവസ്കർ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനത്തിന്റെ വർധനവാണ് കാഴ്ചക്കാരുടെ എണ്ണത്തിലുള്ളത്. രണ്ടാം ടെസ്റ്റായ അഡലെയ്ഡ് മാച്ചായിരുന്നു ആളുകൾ കൂടുതൽ കണ്ടത്. 49 ദശലക്ഷം ആളുകൾ സ്റ്റാർ സ്പോർട്സിലൂടെ ഈ മാച്ച് കണ്ടപ്പോൾ 37.6 ദശലക്ഷം ആളുകൾ പെർത്ത് മാച്ച് കണ്ടു.
നേരത്തെ നാലാം ടെസ്റ്റിനും അഞ്ചാം ടെസ്റ്റിനുമുള്ള ഗ്യാലറി ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ലക്ഷത്തിനടുത്ത് സീറ്റിങ് കപ്പാസിറ്റിയുടെ മെൽബൺ സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ പോലും പൂർണ്ണമായി വിറ്റൊഴിഞ്ഞത് ചരിത്രമായിരുന്നു. ചരിത്ര പ്രസിദ്ധമായ ഇംഗ്ലണ്ട്- ഓസീസ് തമ്മിലുള്ള ആഷസ് ടെസ്റ്റിനേക്കാൾ മേലെയായി ബോർഡർ ഗാവസ്കർ ട്രോഫിയുടെ ജനപ്രീതി.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. 2018ന് ശേഷം ഓസ്ട്രേലിയയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നേടാൻ കഴിഞ്ഞിട്ടില്ല. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. മെൽബണിൽ ഡിസംബർ 26 മുതലാണ് ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കുക.