ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് കിട്ടിയ പാഴ്സലിൽ മൃതദേഹം
അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം. ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം.
നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്‌സ്ആപ്പില്‍ ഇത് സംബന്ധിച്ച് സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു.
വ്യാഴാഴ്ചയാണ് യുവതിക്ക് പാര്‍സല്‍ ലഭിക്കുന്നത്. വീടിന് പുറത്ത് പാര്‍സെല്‍ കൊണ്ടുവന്ന പെട്ടി വെച്ച യുവാവ്, ലൈറ്റുകളും മറ്റുമാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. പിന്നീട് പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നാഗയുടെ നിലവിളി കേട്ടെത്തിയ മറ്റ് കുടുംബാംഗങ്ങളും കാഴ്ച കണ്ട് ഞെട്ടി. ഉടനെ സംഘം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തോടൊപ്പം 1.30 കോടി ആവശ്യപ്പെട്ടുള്ള കത്തും കുടുംബത്തിന് ലഭിച്ചിരുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.