Latest News

‘സുരക്ഷിതത്വ ബോധമുണ്ടായാൽ ക്രിസ്ത്യാനികൾ ബിജെപിയോടൊപ്പം’; ഫാ.ജോർജ് മയിലാടൂർ

 ‘സുരക്ഷിതത്വ ബോധമുണ്ടായാൽ ക്രിസ്ത്യാനികൾ ബിജെപിയോടൊപ്പം’; ഫാ.ജോർജ് മയിലാടൂർ

വയനാട്: സുരക്ഷിതത്വ ബോധമുണ്ടായാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപിയോടൊപ്പം നിൽക്കുമെന്ന് പുൽപ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ. ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റേത് വ്യക്തിപരമായ അഭിപ്രായമാണെങ്കിൽ സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ വികാരം അത്തരത്തിലാണെന്നും ഫാ.ജോർജ് മയിലാടൂർ വ്യക്തമാക്കി.

‘ഇസ്രായേൽ, കശ്മീർ, മുനമ്പം തുടങ്ങിയ വിഷയങ്ങളിലൊക്കെ ബിജെപിയും കേന്ദ്ര സർക്കാരും മികച്ച നിലപാടാണ് സ്വീകരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളും നടക്കുന്നു. എന്നാൽ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ ജനതയുടെ സുരക്ഷ ഒരു പ്രശ്നമാണ്. മണിപ്പൂരിൽ നടന്നതും നാം കണ്ടു. രാജ്യത്ത് ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വ ബോധം ഉണ്ടാകുകയാണെങ്കിൽ കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിക്കൊപ്പം നിൽക്കൊപ്പം. മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസുകാർ അടക്കം അത്തരമൊരു നയത്തിലേക്ക് നീങ്ങുമെന്നാണ് ഞാൻ കരുതുന്നത്.

പല വിഷയങ്ങളിലും ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമല്ല. വ്യക്തിപരമായുള്ള എന്റെ കാഴ്ചപ്പാടുകൾ ഞാൻ ആരോടും തുറന്ന് പറയും. ഇന്നയാൾക്ക് വോട്ട് ചെയ്യണം എന്ന് പറയില്ല. പക്ഷെ ഒരു മുൻവിധിയുണ്ടാകാൻ പാടില്ല. അതായത് കാരണവന്മാരായിട്ട് ഇന്ന പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അത് തന്നെ തുടരണമെന്നില്ല. ആളുകൾ സ്വയം ചിന്തിച്ച്‌ വേണം തീരുമാനങ്ങളെടുക്കാനെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പര്യടനത്തിനിടയിൽ ക്രിസ്ത്യൻ പുരോഹിതൻമാരേയും ദേവാലയങ്ങളും സന്ദർശിക്കാൻ എൻഡിഎ സ്ഥാനാർത്ഥി കൂടുതൽ സമയം നീക്കിവെക്കുന്നുണ്ട്. നിരവധി മഠങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിക്കുന്നത് നവ്യ ഹരിദാസ് തുടരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ബിജെപിയോടുണ്ടായിരുന്ന അകൽച്ച മാറി വരികയാണെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രിസ്ത്യൻ വോട്ടുകളുടെ പിന്തുണ നിർണ്ണായകമായിരുന്നു. കൂടുതൽ ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിയിലേക്ക് എത്തിക്കാൻ സാധിച്ചാൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം ഉറച്ച്‌ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes