‘കോൺഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി
ഭുവനേശ്വർ: കോൺഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവർക്ക് കേന്ദ്രത്തിൽ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പല നിറഭേദങ്ങളും താൻ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രതിപക്ഷം വളരെ സ്വാഭാവികമായ ഒന്നാണ്. ഏതൊരു തീരുമാനത്തേക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ടാകും, മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രതിപക്ഷം തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലങ്ങളായി ഒരു വലിയ മാറ്റം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടാകും. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ചതച്ചരയ്ക്കപ്പെട്ടു. ജനാധിപത്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിരാകരിക്കപ്പെട്ടു. മറ്റൊരാൾക്ക് ആദ്യദിനം മുതൽ ആശീർവാദം നൽകുന്നതിനാൽ രാജ്യത്തെ ജനങ്ങളോട് അവർക്ക് അമർഷമാണെന്ന് മോദി പറഞ്ഞു.