സിപിഐഎം അണികള്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
തൃശൂര്‍: ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം അണികള്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എന്നാല്‍ ഇത് ഡീലിന്റെ ഭാഗമല്ലെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഭരണത്തില്‍ നിരാശയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫിന് എതിരെ ശക്തമായ വികാരമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ചേലക്കരയില്‍ യുഡിഎഫിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘രാധാകൃഷ്ണന്‍ മന്ത്രിയായിട്ടും വികസനം എത്തിയില്ല. വികസനം ചര്‍ച്ചയായതോടെ യുഡിഎഫിന് സാധ്യത തെളിഞ്ഞു. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഭരണത്തില്‍ നിരാശയുണ്ട്. ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന് ആഗ്രഹമുണ്ട്. എല്‍ഡിഎഫില്‍ നിന്നും വോട്ട് ചോര്‍ച്ച പ്രതീക്ഷിക്കുന്നു. യുഡിഎഫില്‍ നിന്നും വോട്ട് ചോര്‍ച്ചയ്ക്ക് സാധ്യതയില്ല.’
സരിന്‍ പോയത് കോണ്‍ഗ്രസിന് ക്ഷീണമല്ലെന്നും മുരളീധരന്‍ പറഞ്ഞു. സരിന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. കോണ്‍ഗ്രസിനെ ഹൈടെക് ആക്കുന്നതില്‍ സരിന്‍ നേതൃത്വം നല്‍കി. എന്നാല്‍ സാധാരണ പ്രവര്‍ത്തകരുമായി ഇഴുകിച്ചേരാന്‍ സരിനിന് കഴിഞ്ഞിട്ടില്ല. ചിലര്‍ പോയതുകൊണ്ട് ക്ഷീണം ഉണ്ടാകില്ല. വിവാദങ്ങള്‍ കാരണം ശരിയായ ചര്‍ച്ചകള്‍ നടക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നത് എന്തിനാണെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. മുനമ്പം പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. മന്ത്രി വി അബ്ദുറഹിമാന്റെ പ്രസ്താവന അനാവശ്യമാണ്. ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പരമാവധി കലങ്ങട്ടെ എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിക്ക് എന്തിനാണ് മുതലെടുക്കാന്‍ അവസരം ഉണ്ടാക്കി നല്‍കുന്നത്?
വഖഫ് ബോര്‍ഡ് ഇപ്പോള്‍ ശരിയാക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒരു സ്ഥലത്തും ബോര്‍ഡ് നിലനിര്‍ത്തില്ലെന്ന് സുരേഷ് ഗോപി പറയുന്നു. വഖഫ് ബോര്‍ഡിന്റെ നാശം കേരളത്തില്‍ നിന്നും ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ സംശയമുണ്ട്. കോണ്‍ഗ്രസിനെ ശരിയാക്കി ബിജെപിയെ വിജയിപ്പിക്കാനാണ് അജണ്ട.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയെ പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നുവെന്നും വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ പ്രതികരിച്ചു. യുഡിഎഫ് പരാജയപ്പെട്ടാല്‍ എല്‍ഡിഎഫിന് കരുത്ത് പകരും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ അഭിപ്രായം പറയാം. പാലക്കാട് യുഡിഎഫിന് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. പാര്‍ട്ടി തള്ളിയ സാഹചര്യത്തില്‍ രാഹുലിന്റെ പ്രസ്താവന ചര്‍ച്ചയാക്കേണ്ടതില്ല.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടിലല്ല നോട്ടിലാണ് താല്‍പ്പര്യം എന്ന് ബിജെപിക്കാര്‍ പറയുന്നു. ബിജെപിയും സിപിഐഎമ്മും ഒരേ തൂവല്‍ പക്ഷികളാണ്. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും. യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. എല്‍ഡിഎഫിന് എതിരായ വികാരം യുഡിഎഫിന് അനുകൂലമാകും. സിപിഐഎം ബിജെപിക്ക് വോട്ട് മറച്ചാല്‍ ഭൂരിപക്ഷം കുറയും. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിലും കരുത്തുപകരും. വികസനം ചര്‍ച്ച ചെയ്യുന്നതിന്റെ നേട്ടം ചേലക്കരയില്‍ കാണുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിന് ഇടയിലും മാറ്റം കാണുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.